Tuesday, October 13, 2009

പോട്ടെ.. കോപ്പ്.. നാല്‍പത്തൊമ്പത് ലക്ഷം


(വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഓര്‍മ്മക്കുറിപ്പ്.)


കിട്ടപ്പഭാഗവതര്‍ വളരെ നിഷ്കളങ്കനായ സംഗീതജ്ഞനാണ്. അനേകം കലാകാരന്മാരെ സംഭാവനചെയ്ത മാവൂര്‍ ഗ്രാമത്തിന്റെ മറ്റൊരു സൃഷ്ടിയെന്നു പറയാം. നിര്‍ഭാഗ്യം കൊണ്ട് ലോകം അറിയാതെപോകുന്ന അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരിക്കാം കിട്ടപ്പഭാഗവതരെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. പക്ഷെ ഇതൊന്നും പറഞ്ഞിട്ടുകാര്യമില്ല. വൈകുന്നേരമായാല്‍ കലാപരിപാടിമുഴുവന്‍ കള്ളുഷാപ്പിലാണെന്നു മാത്രം.

പക്ഷെ മറ്റു കുടിയന്‍മാരെ പോലെ കിട്ടപ്പമാഷ് ഒരിക്കലും ഒരു ശല്യക്കാരനല്ല. എത്ര ഉള്ളില്‍ ചെന്നാലും നിഷ്കളങ്കമായി സംസാരിക്കും. സ്‌നേഹം ഉറഞ്ഞുവരുന്ന പ്രകൃതം.

സ്കൂള്‍ വിട്ടു പോകുമ്പോള്‍ ഒരു വൈകുന്നേരം മാഷിന്റെ മുമ്പില്‍ പെട്ടു. പിന്നെ കുറേ നേരം സംഗീതത്തിന്റെ ലോകത്തിലേക്ക്... കുറച്ചു കഴിഞ്ഞ് മാഷ് ചോദിച്ചു.

"ആട്ടെ മോന്റെ കയ്യില്‍ ഈ മാഷിന് തരാന്‍ എന്താ ഉള്ളത്?"

ഞാന്‍ ഞെട്ടിപ്പോയി. ബസ്സില്‍ കൊടുക്കാനുള്ള എസ്.ടി. 20 പൈസ. കിഴിച്ചാല്‍ ബാക്കി 50 പൈസ കാണും. നിര്‍ഭാഗ്യം കൊണ്ട് അന്ന് 20 പൈസയോ ഉള്ളൂ. ഞാന്‍ ഒളികണ്ണിട്ട് കീശയിലെ 20 പൈസയിലേക്ക് ഒന്നു നോക്കി. അവിടെ തന്നെയുണ്ട്. പക്ഷെ മാഷിനോട് പറയാന്‍ പറ്റുമോ. മാത്രമല്ല. ഇത്രയും പ്രശസ്തനായ ഒരു വ്യക്തിക്ക് 20 പൈസ കൊടുത്തല്‍ കള്ളിന്റെ പുറത്ത് ചിലപ്പോള്‍ വല്ലതും കേള്‍ക്കേണ്ടി വരും. മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ മാഷ് പറഞ്ഞു.

"മോന്‍ വിഷമിക്കണ്ട.. മോന്‍ എന്തു തന്നാലും ഈ മാഷ് വാങ്ങും"


"മാഷേ എന്റെ കയ്യില്‍ മാഷിന് തരാന്‍ ഇപ്പൊ ഒന്നൂല്ല. ദാ ഈ ബസ്സു കൂലി കിഴിച്ചാല്‍ ഇരുപത് പൈസ ഉണ്ട്" ഞാന്‍ ചിരിച്ചു.


പക്ഷെ അതിശയമെന്നു പറയട്ടെ. മാഷ് ആ 20 പൈസ നിര്‍ബന്ധിച്ചു വാങ്ങിയിട്ട്. പറഞ്ഞു.


"മോനറിയോ... മോന്‍ ഈ തന്നത് 20 പൈസയല്ല"


"ങേ.. പിന്നെ" ഞാന്‍ മാഷിന്റെ കയ്യിലെ പൈസയിലേക്ക് ഒന്നുകൂടെ നോക്കി. അലൂമിനിയത്തിന്റെ 20 പൈസ തന്നെയാണല്ലോ...


മാഷ് പറഞ്ഞു: "മോന്‍ ഇപ്പൊ തന്നത് ഇരുപത് പൈസയല്ല. ഇരുപത് ലക്ഷമാ.. ലക്ഷം.."

.

.

.

.

.

.

..

.

.

.

.

.

.

.

.

.

.

'ടോം ആന്റ് ജെറി'യിലെ പൂച്ചയെ പോലെ, സന്തോഷം കൊണ്ട്. എന്റെ കണ്ണുകള്‍ സ്പ്രിംഗിലെന്നപോലെ പുറത്തേക്കു തള്ളി. കേള്‍ക്കുമ്പോള്‍ എന്തൊരു സുഖം. 20 ലക്ഷം... അതും ഞാന്‍ കൊടുത്തെന്ന്. ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യം വെറുതെയെങ്കിലും കേള്‍ക്കുമ്പോള്‍ ഒരു സുഖം...


മാഷ് യാത്ര പറഞ്ഞു. ലക്ഷപ്രഭു ആയ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു...

മാഷ് നല്ല മൂഡിലായിരിക്കുമ്പോള്‍ ലക്ഷത്തിന്റെ ഇടപാട് വീണ്ടും ആവര്‍ത്തിച്ചു.

പിന്നീടൊരിക്കല്‍ കയ്യിലുണ്ടായിരുന്നത് 50 പൈസയായിരുന്നു. അപ്പോള്‍ മാഷ് പറഞ്ഞു.
"മോന്‍ തന്നത് 50 പൈസയല്ല. 50 ലക്ഷമാ മോനേ... 50 ലക്ഷം..."

ലക്ഷക്കണക്കുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ത്രില്‍..
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മാഷേ വീണ്ടും കണ്ടു. അന്ന് എനിക്ക് ബുക്ക്‌സ്റ്റാളില്‍ ചെറിയ ഒരു ജോലി ഉണ്ട്. ദിവസം 30 രൂപ കിട്ടും. മാഷ് പതിവുപോലെ ചോദിച്ചു. മോന്‍ ഈ മാഷിനെന്താ തരുക...


ഞാന്‍ ആലോചിച്ചു മാഷ് പറയാറുള്ളത്. 50 പൈസ കൊടുത്താല്‍ 50 ലക്ഷം തന്നെന്നു പറയും. കീശയില്‍ നോക്കിയപ്പോള്‍ മാഷിനു കൊടുക്കാന്‍ 1 രൂപ ഉണ്ട്. ഒരു രൂപ കൊടുത്താല്‍ ഒരു കോടി തന്നെന്നു പറയും... (ലക്ഷപ്രഭുവിന്റെ ഒരു അത്യാഗ്രഹം നോക്കണം..) കോടീശ്വരനാവാന്‍ പോകുന്നു.

ഞാന്‍ പറഞ്ഞു.. "മാഷേ ഇതാ ഒരു രൂപയുണ്ട്"

മാഷ് ഒരു രൂപ കയ്യില്‍ പിടിച്ച് എന്റെ തലയില്‍ തൊട്ടു പറഞ്ഞു..
കോടീശ്വര ബഹുമതി കിട്ടാന്‍ പോകുന്ന ഞാന്‍ തലകുനിച്ച് ഭവ്യതയോടെ...

"മോന്‍ എനിക്ക് ഈ തന്നത് ഒരു രൂപയല്ല...."

ഞാന്‍ മനസ്സില്‍ പറഞ്ഞു. അതെനിക്കറിയാം മാഷേ.. ഒരു കോടിയല്ലേ...

മാഷ് തുടര്‍ന്നു.. "...മോന്‍ തന്ന ഈ ഒരു രൂപ....

.... ഒരു ലക്ഷമാ മോനേ.. ഒരു ലക്ഷം"

എന്റെ കണ്ണുകള്‍ വീണ്ടും സ്പ്രിംഗില്‍ വീണു. ഇത്തവണ സന്തോഷം കൊണ്ടല്ല എന്നു മാത്രം.

എനിക്കൊരു കാര്യം മനസ്സിലായി.... മാഷ് ചുമ്മാ ലക്ഷം ചേര്‍ക്കുന്നുവെന്നേ ഉള്ളൂ. ഒരു ഭംഗിക്ക്...

എന്നാലും ഇതു വല്ലാത്ത ചതിയായിപോയി മാഷേ.... 50 പൈസ മതിയായിരുന്നു...

".. പോട്ടെ കോപ്പ് 49 ലക്ഷം"