Tuesday, October 13, 2009

പോട്ടെ.. കോപ്പ്.. നാല്‍പത്തൊമ്പത് ലക്ഷം


(വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഓര്‍മ്മക്കുറിപ്പ്.)


കിട്ടപ്പഭാഗവതര്‍ വളരെ നിഷ്കളങ്കനായ സംഗീതജ്ഞനാണ്. അനേകം കലാകാരന്മാരെ സംഭാവനചെയ്ത മാവൂര്‍ ഗ്രാമത്തിന്റെ മറ്റൊരു സൃഷ്ടിയെന്നു പറയാം. നിര്‍ഭാഗ്യം കൊണ്ട് ലോകം അറിയാതെപോകുന്ന അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരിക്കാം കിട്ടപ്പഭാഗവതരെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. പക്ഷെ ഇതൊന്നും പറഞ്ഞിട്ടുകാര്യമില്ല. വൈകുന്നേരമായാല്‍ കലാപരിപാടിമുഴുവന്‍ കള്ളുഷാപ്പിലാണെന്നു മാത്രം.

പക്ഷെ മറ്റു കുടിയന്‍മാരെ പോലെ കിട്ടപ്പമാഷ് ഒരിക്കലും ഒരു ശല്യക്കാരനല്ല. എത്ര ഉള്ളില്‍ ചെന്നാലും നിഷ്കളങ്കമായി സംസാരിക്കും. സ്‌നേഹം ഉറഞ്ഞുവരുന്ന പ്രകൃതം.

സ്കൂള്‍ വിട്ടു പോകുമ്പോള്‍ ഒരു വൈകുന്നേരം മാഷിന്റെ മുമ്പില്‍ പെട്ടു. പിന്നെ കുറേ നേരം സംഗീതത്തിന്റെ ലോകത്തിലേക്ക്... കുറച്ചു കഴിഞ്ഞ് മാഷ് ചോദിച്ചു.

"ആട്ടെ മോന്റെ കയ്യില്‍ ഈ മാഷിന് തരാന്‍ എന്താ ഉള്ളത്?"

ഞാന്‍ ഞെട്ടിപ്പോയി. ബസ്സില്‍ കൊടുക്കാനുള്ള എസ്.ടി. 20 പൈസ. കിഴിച്ചാല്‍ ബാക്കി 50 പൈസ കാണും. നിര്‍ഭാഗ്യം കൊണ്ട് അന്ന് 20 പൈസയോ ഉള്ളൂ. ഞാന്‍ ഒളികണ്ണിട്ട് കീശയിലെ 20 പൈസയിലേക്ക് ഒന്നു നോക്കി. അവിടെ തന്നെയുണ്ട്. പക്ഷെ മാഷിനോട് പറയാന്‍ പറ്റുമോ. മാത്രമല്ല. ഇത്രയും പ്രശസ്തനായ ഒരു വ്യക്തിക്ക് 20 പൈസ കൊടുത്തല്‍ കള്ളിന്റെ പുറത്ത് ചിലപ്പോള്‍ വല്ലതും കേള്‍ക്കേണ്ടി വരും. മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ മാഷ് പറഞ്ഞു.

"മോന്‍ വിഷമിക്കണ്ട.. മോന്‍ എന്തു തന്നാലും ഈ മാഷ് വാങ്ങും"


"മാഷേ എന്റെ കയ്യില്‍ മാഷിന് തരാന്‍ ഇപ്പൊ ഒന്നൂല്ല. ദാ ഈ ബസ്സു കൂലി കിഴിച്ചാല്‍ ഇരുപത് പൈസ ഉണ്ട്" ഞാന്‍ ചിരിച്ചു.


പക്ഷെ അതിശയമെന്നു പറയട്ടെ. മാഷ് ആ 20 പൈസ നിര്‍ബന്ധിച്ചു വാങ്ങിയിട്ട്. പറഞ്ഞു.


"മോനറിയോ... മോന്‍ ഈ തന്നത് 20 പൈസയല്ല"


"ങേ.. പിന്നെ" ഞാന്‍ മാഷിന്റെ കയ്യിലെ പൈസയിലേക്ക് ഒന്നുകൂടെ നോക്കി. അലൂമിനിയത്തിന്റെ 20 പൈസ തന്നെയാണല്ലോ...


മാഷ് പറഞ്ഞു: "മോന്‍ ഇപ്പൊ തന്നത് ഇരുപത് പൈസയല്ല. ഇരുപത് ലക്ഷമാ.. ലക്ഷം.."

.

.

.

.

.

.

..

.

.

.

.

.

.

.

.

.

.

'ടോം ആന്റ് ജെറി'യിലെ പൂച്ചയെ പോലെ, സന്തോഷം കൊണ്ട്. എന്റെ കണ്ണുകള്‍ സ്പ്രിംഗിലെന്നപോലെ പുറത്തേക്കു തള്ളി. കേള്‍ക്കുമ്പോള്‍ എന്തൊരു സുഖം. 20 ലക്ഷം... അതും ഞാന്‍ കൊടുത്തെന്ന്. ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യം വെറുതെയെങ്കിലും കേള്‍ക്കുമ്പോള്‍ ഒരു സുഖം...


മാഷ് യാത്ര പറഞ്ഞു. ലക്ഷപ്രഭു ആയ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു...

മാഷ് നല്ല മൂഡിലായിരിക്കുമ്പോള്‍ ലക്ഷത്തിന്റെ ഇടപാട് വീണ്ടും ആവര്‍ത്തിച്ചു.

പിന്നീടൊരിക്കല്‍ കയ്യിലുണ്ടായിരുന്നത് 50 പൈസയായിരുന്നു. അപ്പോള്‍ മാഷ് പറഞ്ഞു.
"മോന്‍ തന്നത് 50 പൈസയല്ല. 50 ലക്ഷമാ മോനേ... 50 ലക്ഷം..."

ലക്ഷക്കണക്കുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ത്രില്‍..
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മാഷേ വീണ്ടും കണ്ടു. അന്ന് എനിക്ക് ബുക്ക്‌സ്റ്റാളില്‍ ചെറിയ ഒരു ജോലി ഉണ്ട്. ദിവസം 30 രൂപ കിട്ടും. മാഷ് പതിവുപോലെ ചോദിച്ചു. മോന്‍ ഈ മാഷിനെന്താ തരുക...


ഞാന്‍ ആലോചിച്ചു മാഷ് പറയാറുള്ളത്. 50 പൈസ കൊടുത്താല്‍ 50 ലക്ഷം തന്നെന്നു പറയും. കീശയില്‍ നോക്കിയപ്പോള്‍ മാഷിനു കൊടുക്കാന്‍ 1 രൂപ ഉണ്ട്. ഒരു രൂപ കൊടുത്താല്‍ ഒരു കോടി തന്നെന്നു പറയും... (ലക്ഷപ്രഭുവിന്റെ ഒരു അത്യാഗ്രഹം നോക്കണം..) കോടീശ്വരനാവാന്‍ പോകുന്നു.

ഞാന്‍ പറഞ്ഞു.. "മാഷേ ഇതാ ഒരു രൂപയുണ്ട്"

മാഷ് ഒരു രൂപ കയ്യില്‍ പിടിച്ച് എന്റെ തലയില്‍ തൊട്ടു പറഞ്ഞു..
കോടീശ്വര ബഹുമതി കിട്ടാന്‍ പോകുന്ന ഞാന്‍ തലകുനിച്ച് ഭവ്യതയോടെ...

"മോന്‍ എനിക്ക് ഈ തന്നത് ഒരു രൂപയല്ല...."

ഞാന്‍ മനസ്സില്‍ പറഞ്ഞു. അതെനിക്കറിയാം മാഷേ.. ഒരു കോടിയല്ലേ...

മാഷ് തുടര്‍ന്നു.. "...മോന്‍ തന്ന ഈ ഒരു രൂപ....

.... ഒരു ലക്ഷമാ മോനേ.. ഒരു ലക്ഷം"

എന്റെ കണ്ണുകള്‍ വീണ്ടും സ്പ്രിംഗില്‍ വീണു. ഇത്തവണ സന്തോഷം കൊണ്ടല്ല എന്നു മാത്രം.

എനിക്കൊരു കാര്യം മനസ്സിലായി.... മാഷ് ചുമ്മാ ലക്ഷം ചേര്‍ക്കുന്നുവെന്നേ ഉള്ളൂ. ഒരു ഭംഗിക്ക്...

എന്നാലും ഇതു വല്ലാത്ത ചതിയായിപോയി മാഷേ.... 50 പൈസ മതിയായിരുന്നു...

".. പോട്ടെ കോപ്പ് 49 ലക്ഷം"

Tuesday, September 8, 2009

The Broken Flask

ന്റെ ഓര്‍മ്മയില്‍ ഇതാദ്യമായിട്ടാണെന്നു തോന്നുന്നു സൂദീര്‍ഘമായ ഒരു കാത്തിരിപ്പ് വേണ്ടിവന്നത്. സമയം സായാഹ്നം 9 മണിയോടടുക്കുന്നു. ഏകദേശം മൂന്ന് മണിക്കൂറോളമായി അനന്തമായി കാത്തിരിപ്പ് ആരംഭിച്ചിട്ട്. പക്ഷെ എനിക്കതില്‍ ഒട്ടും വിഷമം തോന്നിയില്ല. കാരണം, ഞാന്‍ ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ടുപേരുടെ ആഗമനത്തിനായാണ് ഈ കാത്തിരിപ്പ്. ആ കാത്തിരിപ്പിന് ആകെ ഒരു ചന്തമുണ്ടല്ലോ.

റെയില്‍വേ സ്‌റ്റേഷന്റെ ഒരറ്റത്തുള്ള മഞ്ഞ ബോര്‍ഡിനരികിലായി എന്തെല്ലാമോ പെട്ടികള്‍ ചിന്നിച്ചിതറി കിടക്കുന്നു. സമീപത്തായി നില്‍ക്കുന്ന രണ്ട് പേര്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നില്‍ക്കുകയാണ്. അവര്‍ക്കരികിലായി ഒരു പോലീസുകാരന്‍ എത്തിച്ചേരുന്നത് കണ്ടു. പിന്നെ അവര്‍ തമ്മിലായി സംസാരം. ഞാനിരുന്നിരുന്ന ചാഞ്ഞ ബെഞ്ചിന്റെ അറ്റത്ത് ഒരു മദ്ധ്യവയസ്കന്‍ വന്നിരുന്നില്ലായിരുന്നെങ്കില്‍ എന്റെ ശ്രദ്ധ അവര്‍ക്ക് നേരെ തന്നെയായിരുന്നേനെ. കിഴവന്‍ ഒരു പുകയെടുത്ത് ഊതിവിട്ട് എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു. എല്ലാത്തിനും വിരാമമിട്ടുകൊണ്ടാണ് ആ അറിയിപ്പുണ്ടാകുന്നത്. തലസ്ഥാനനഗരിയില്‍ നിന്നും എത്തുന്ന തീവണ്ടി ഏതാനും നിമിഷങ്ങള്‍ക്കകം മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ എത്തിച്ചേരുമെന്ന്. അവര്‍ക്കും എത്തിച്ചേരുമെന്ന പ്രതീക്ഷയേ ഉള്ളൂ. ഈ റെയില്‍വെയുടെ കാര്യം ഇങ്ങനെയാണ് ഒന്നിനും ആര്‍ക്കും ഒരു ഉറപ്പുമില്ല...


ഞാന്‍ മേല്‍പാലത്തിലൂടെ നടക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റുമെന്ന് തോന്നുന്നു. ഒരു തരം ഓട്ടം തന്നെയായിരുന്നു. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോം തികച്ചും വിജനമായിരുന്നുവെന്ന് പറഞ്ഞുകൂട. ലഗേജും കൊണ്ട് ചില മാന്യന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ വലതുവശത്തേക്ക് ഒന്നു കണ്ണോടിച്ചു. ഉള്ളിലെവിടെയോ ആഹ്ലാദത്തിന്റെ നീരുറവ പൊട്ടുന്നത് അറിയാന്‍ കഴിഞ്ഞു. ഒരു മിന്നാമിനുങ്ങിന്റെ വെട്ടം പോലെ, അല്ലെങ്കില്‍ ഒരു സ്വര്‍ണ്ണപ്പൊട്ടുപോലെ അകലെ തീവണ്ടിയുടെ പ്രകാശം കാണാനായി. കാത്തിരിപ്പിന് വിരാമമായിക്കൊണ്ട് ആ നെടുനീളന്‍ വാഹനം ഇഴഞ്ഞ് നിന്നു. അതില്‍ ഒമ്പതാം നമ്പര്‍ തീവണ്ടിമുറി കണ്ടുപിടിക്കാന്‍ ആയാസപ്പെടേണ്ടിവന്നില്ല.വാതിലിന് മുന്നില്‍ നിന്ന് ഞാന്‍ അകത്തേക്ക് പാളി നോക്കി. ഒന്നു രണ്ടുപേര്‍ പെട്ടിയും മറ്റുമായി ഇറങ്ങി വന്നു. എന്റെ ആകാംക്ഷക്ക് അവസാനമായില്ല. ഒടുവില്‍.. ഒടുവില്‍ അകത്തെ അരണ്ട വെളിച്ചത്തില്‍ ഒരു കറുത്ത കോട്ട്ധാരി പ്രത്യക്ഷപ്പെട്ടു. ഞാന്‍ കണ്ണിമവെട്ടാതെ നോക്കി. ശരിക്കും വ്യക്തമല്ലായിരുന്നു. ആ രൂപം പതിയെ പതിയെ വാതിലിനടുത്തേക്ക് നീങ്ങി. ഇപ്പോള്‍ വ്യക്തമായും ആളെ കാണാം. കറുത്ത കോട്ടും പരന്ന തൊപ്പിയും. വായിച്ചു കേട്ട അതേ രൂപം. ഹൃദയം പെരുമ്പറ കൊട്ടുക എന്നൊക്കെ പറയാറില്ലേ.. അതെന്താണെന്ന് മുമ്പ് അറിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ മനസ്സിലായി. എന്റെ ആഹ്ലാദം ഉള്ളിലടക്കത്തക്കതായിരുന്നില്ല. ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന്റെ കരം കവര്‍ന്നെടുക്കുകയായിരുന്നു. അപ്പോഴേക്കും പിന്നില്‍ പ്രത്യക്ഷപ്പെട്ട ആ കൊമ്പന്‍മീശക്കാരനെ ഞാന്‍ കണ്ടു. ചാരനിറം കലര്‍ന്ന അദ്ദേഹത്തിന്റെ മീശയ്ക്ക് എന്റെ മനസ്സിലുണ്ടായിരുന്നതിനേക്കാള്‍ ചന്തമുണ്ടായിരുന്നു.

മുന്നില്‍ വന്ന ആ ദീര്‍ഘകായന്‍ ഞാനേറെ ആരാധിക്കുന്ന ഷെര്‍ലക് ഹോംസാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തിയുണ്ടായിരുന്നില്ല. അവിചാരിതമായി ഞാന്‍ ആഗ്രഹിച്ചതില്‍ അമ്പരപ്പ് ഒരുനിമിഷം മുഖത്ത് പ്രതിഫലിക്കാതിരുന്നില്ലെങ്കിലും പിന്നില്‍ നിന്നിരുന്ന സന്തതസഹചാരി വാട്‌സനോടായി പറയുന്നത് കേട്ടു.

"നോക്കൂ.. വാട്‌സന്‍... കേരളത്തില്‍ നമ്മള്‍ ഇദ്ദേഹത്തിന്റെ അതിഥിയായിരിക്കുന്നു..."

പിന്നില്‍ നിന്നിരുന്ന വാട്‌സന്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു.

"സാഹായ്‌നവന്ദനം മാന്യ സുഹൃത്തുക്കളെ...."

സുഹൃത്തുക്കളെ എന്ന പ്രയോഗം ഞാനൊന്നറച്ചാണ് പ്രയോഗിച്ചത്. എങ്കിലും പിന്നീട് അതിലൊട്ടും തെറ്റില്ലെന്ന് തോന്നി.

"വന്ദനം സൂഹൃത്തേ.."

ഞാന്‍ വായിച്ചു മാത്രം പരിചയമുള്ള ആ വാക്കുകള്‍ ഗാംഭീര്യത്തോടെ മുഴങ്ങി കേട്ടപ്പോള്‍ ഞാനേതോ മായാലോകത്തെത്തിയപോലെ തോന്നി. ഞാന്‍ അവരെയും കൂട്ടി സ്റ്റേഷനുപുറത്തേക്ക് നടന്നു നീങ്ങി. മേല്‍പാലം കടന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ എത്തിയശേഷം ഞാന്‍ പുറത്തേക്കുള്ള കവാടത്തെ സമീപിച്ചു. ആംഗലേയ സംസ്കാര യുക്തമായ വസ്ത്രങ്ങള്‍ ധരിച്ചിരുന്നതിനാലാവാം, ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ തിങ്ങി നിന്നിരുന്നവരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞത്. അവരുടെയടുത്ത് നിന്നും എത്രയും പെട്ടെന്ന് പുറത്തു കടന്നാല്‍ മതിയെന്നായി എനിക്ക്. ആരാധ്യരായെ ഇരുവരെയും കൊതി തീരെ കാണുവാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.പുറത്തേക്കുള്ള കവാടം കടക്കുന്നതിനിടക്ക് ഹോംസിന്റെ തല മുകളില്‍ ചെന്നിടിച്ചേക്കാം എന്ന് ഞാന്‍ ഭയന്നു. സ്‌റ്റേഷന് പുറത്ത് കടന്ന ഉടന്‍ എന്റെ സുഹൃത്തുക്കള്‍ എന്തിനോ വേണ്ടി തെരയുന്നതുപോലെ തോന്നി. അത് കുതിരവണ്ടികളെയല്ലാതെ മറ്റൊന്നുമായിരിക്കില്ലെന്ന് ഹോംസ് കഥകളിലെ രംഗങ്ങള്‍ മനഃപാഠമാക്കിയ എനിക്ക് ഉറപ്പായിരുന്നു. അത്തരം വണ്ടികള്‍ ഇവിടെ കിട്ടില്ലെന്ന് ഞാന്‍ പറയാന്‍ തയ്യാറെടുത്തുവരുമ്പോഴേക്കും എന്റെ ചിന്താസാരം മനസ്സിലാക്കിയാവാം വാട്‌സണ്‍ അടുത്തു കിടന്ന മുച്ചക്രവാഹനത്തെ സമീപിച്ചത്.

പിന്നീട് നഗരത്തില്‍ ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. നഗരകാഴ്ചകളില്‍ മതിമറന്നിരിക്കുകയായിരുന്നു രണ്ടുപേരും എന്ന് തോന്നി. നഗരമധ്യത്തിലുള്ള തടാകത്തിനരികിലൂടെ സഞ്ചരിക്കവെ കേരളീയ വാസ്തുശില്‍പവിദ്യകളില്‍ മെനഞ്ഞെടുത്ത കവാടവും മറ്റും കൗതുകത്തോടെയാണെന്ന് തോന്നുന്നു രണ്ടുപേരും വീക്ഷിക്കുന്നത്. വിദേശഭരണത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന പഴയ സെന്റനറരി ഹാളും സിനിമാ തിയേറ്ററും കണ്ടപ്പോള്‍ ഹോംസിന്റെ മുഖത്തുള്ള ആശ്ചര്യഭാവം പ്രകടമായിരുന്നു.

നഗരത്തില്‍ ജനത്തിരക്ക് കുറവായിരുന്നു. മറ്റൊരു പ്രധാന സിനിമാശാലയില്‍ തകര്‍ത്തോടുന്ന ചിത്രത്തിലെ നായകന്റെ മീശ പിരിച്ചു നില്‍ക്കുന്ന ചിത്രത്തിലേക്ക് നോക്കിയ അദ്ദേഹം എന്തിനാണാവോ വാട്‌സന്റെ മുഖത്തേക്ക് നോക്കിയതും പിന്നെ ചിരിച്ചതും. ഓരോ ബസ് സ്റ്റാന്റുകളിലും അരമണിക്കൂറോളമെങ്കിലും ചിലവഴിച്ച ശേഷമാണ് ഞങ്ങള്‍ നീങ്ങിയത്. മറ്റു ചില സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷമാണ് ഞങ്ങള്‍ നഗരത്തിലെ പേരുകേട്ട ഭക്ഷണശാലയിലേക്ക് പോയത്. അവിടെവെച്ച് അവര്‍ക്ക് വയറുനിറയെ ഉഴുന്നു വടയും മസാലദോശയും വാങ്ങി കൊടുത്തു. ഹോംസിന് കൂടുതല്‍ ഇഷ്ടമായത് ഉഴുന്നുവടയായിരുന്നെങ്കിലും വാട്‌സന് കൂടുതല്‍ പ്രിയം തോന്നിയത് മസാലദോശയോടു തന്നെയായിരുന്നു. അതിനിടെ എന്റെ ബഹുമാന്യനായ ഹോംസ് ഒരു ഉഴുന്നുവടയെടുത്ത് കോട്ടിന്റെ പോക്കറ്റില്‍ നിക്ഷേപിക്കുന്നത് ഞാന്‍ കണ്ടെങ്കിലും കണ്ടതായി നടിച്ചില്ല. അവിടെ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. അതിനാലാവാം വാട്‌സന്‍ ഇങ്ങനെ ചോദിച്ചു.

"ഇവിടെയെങ്ങും നല്ല സത്രമില്ലേ?"

ഞാന്‍ പറഞ്ഞു: "നമ്മള്‍ ഇന്നു തന്നെ എന്റെ വീട്ടിലേക്ക് പോകുന്നു"

ഹോംസിന് ആ തീരുമാനം ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു. വാഹനം വല്ലതും കിട്ടുമോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ പിന്നാലെ വരാന്‍ പറഞ്ഞു. എന്റെ സ്വരം ഗൗരവതരമായിരുന്നു. ഇവര്‍ പുറംലോകം കണ്ടവരെങ്കിലും ഈ നഗരത്തില്‍ ഞാന്‍ തന്നെ വഴികാട്ടി. ഞാന്‍ അവരെ സര്‍ക്കാര്‍ ബസ്്റ്റാന്റിലേക്ക് കൊണ്ടുപോയി.

അല്‍പനേരത്തെ കാത്തിരിപ്പിനു ശേഷം ദീര്‍ഘദൂരയാത്രയ്ക്ക് തയ്യാറായ ഒരു വാഹനം മുഴക്കത്തോടെ സടകുടഞ്ഞെഴുന്നേറ്റു. അപ്പോഴേക്കും അതില്‍ കയറിപ്പറ്റാനുള്ള ആളുകളുടെ തത്രപ്പാടു കണ്ട് അമ്പരന്നു നില്‍ക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളെ എന്തു പറഞ്ഞ് മനസ്സിലാക്കുമെന്ന്‌റിയാതെ ഞാന്‍ നിന്നു. ഈ സമയം ഒരു മാന്യന്‍ അടിവസ്ത്രം മാത്രം ധരിച്ച് ജനലിലൂടെ ബസ്സിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്ന കാഴ്ച ഞങ്ങളെ ആശ്ചര്യപ്പെടുത്തി. ഹോംസ് ഉടന്‍ പറഞ്ഞു:

"വാട്്‌സണ്‍... ഇയാള്‍ ഏതോ ഗോത്രവര്‍ഗ്ഗത്തില്‍ പെട്ട ആളാണെന്ന് നിസ്സംശയം പറയാനാകും..."

"ശരിയാണ് ഹോംസ്... പടിഞ്ഞാറന്‍ മലനിരകളില്‍ താമസിക്കുന്ന ഏതോ പ്രാകൃതവര്‍ഗ്ഗത്തില്‍ പെട്ട ആള്‍ ആണെന്ന് തോന്നുന്നു..."

"കൊള്ളാം... ഇത് തികച്ചും രസകരമായിരിക്കുന്നു..." ഹോംസ് ആത്മഗതം പോലെ പറഞ്ഞു.

അവരുടെ അഭിപ്രായപ്രകടനം കേട്ട് എനിക്ക് ചിരി വന്നു. ഞാന്‍ പറഞ്ഞു.

"അയാള്‍ ഷര്‍ട്ടൂരി സീറ്റിലിട്ട്‌ശേഷം തനിക്കും പാന്റ്‌സ് ഊരി മക്കള്‍ക്കും സീറ്റ് പിടിച്ചശേഷം അകത്ത് കയറിപറ്റാന്‍ ശ്രമിക്കുകയാണ്... അല്ലാതെ.."

ഹോംസിന്റെ നിഗമനത്തെ ഞാന്‍ ഖണ്ഡിച്ചത് അദ്ദേഹത്തിന് ഇഷ്ടമായോ എന്തോ... ഞാന്‍ ആ മുഖത്തേക്ക് നോക്കിയില്ല. എന്തായാലും ഞങ്ങള്‍ക്ക് ആ വാഹനത്തില്‍ കയറാന്‍ കഴിഞ്ഞില്ല. കാരണം എന്റെ സുഹൃത്തുക്കളുടെ അനാവശ്യമായ മാന്യത തന്നെ. അത് ഉപേക്ഷിച്ചില്ലെങ്കില്‍ കാര്യം നടക്കില്ലെന്ന് പറഞ്ഞപ്പോഴാണ് അവര്‍ അല്‍പമെങ്കിലും മാന്യത കൈവിടാന്‍ തീരുമാനിച്ചത്‌.

അടുത്ത വണ്ടിയില്‍ ഞങ്ങള്‍ ഇരച്ചുകയറി. മുന്നില്‍ ഹോംസ്, അതിനു പിന്നില്‍ വാട്‌സണ്‍, ഏറ്റവും പുറകില്‍ ഞാന്‍. ഈ ക്രമത്തില്‍ അകത്തു കയറുന്നതിനിടയില്‍ വാട്്‌സണ്‍റെ തൊപ്പി വാതിലിന്റെ ആണിയില്‍ ഉടക്കിയത് ഞാന്‍ വിടര്‍ത്തിയെടുത്തില്ലായിരുന്നെങ്കില്‍ ആ സാധനം കീറിപ്പറഞ്ഞ് നാമാവശേഷമായേനെ. അത്തരം ഒന്ന് സംഘടിപ്പിക്കാന്‍ പറ്റിയ ഒരു കടപോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.

ഇത്തവണ ഞങ്ങള്‍ കയറുക മാത്രമല്ല, എന്റെ മാന്യസുഹൃത്തുക്കള്‍ മാന്യതയൊക്കെ കൈവിട്ട് ഒരു ഇരിപ്പിടം സ്വന്തമാക്കുകയും ചെയ്തു. എന്റെ നാട്ടില്‍ നിന്നും രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരെയായിരുന്നു ഇറങ്ങിയത്. മുച്ചക്രവാഹനം വിളിക്കാമെന്ന് ഞാന്‍ പറഞ്ഞുനോക്കിയെങ്കിലും ഹോംസിന് നടക്കാനായിരുന്നു താല്പര്യം. പല കാര്യങ്ങളും സംസാരിച്ചുകൊണ്ട് നടക്കുന്ന വഴിയില്‍ അദ്ദേഹത്തിന്റെ ആരാധകനായ എന്റെ ഒരു സുഹൃത്തിന്റെ വീട് കാണിച്ചുകൊടുക്കുകയുണ്ടായി.

കുന്നും കാടും കടന്ന് ഞങ്ങള്‍ എന്റെ വീട്ടുമുറ്റത്തെത്തി. വാട്‌സണ്‍ വളരെയധികം ക്ഷീണിതനായി തോന്നി. എന്നാല്‍ ഹോംസ് ക്ഷീണിച്ചതായി തോന്നിയില്ല. രാത്രി അത്താഴത്തിന് ചോറും മീന്‍കറിയുമായിരുന്നു. അത്തരം ഒരു ഭക്ഷണം മുന്‍പ് കഴിച്ചതായി ഓര്‍ക്കുന്നില്ലെന്ന് ഹോംസ് പറഞ്ഞത് ഞാന്‍ അഭിമാനപുരസ്സരം ഓര്‍ക്കുന്നു.

ഊണിന് ശേഷം ഇരുവര്‍ക്കും ഓരോ ലുങ്കി എടുത്തുകൊടുത്തു. അത് കഴിഞ്ഞ് നിലത്ത് പായ്് വിരിച്ച് കൊടുത്തപ്പോള്‍ രണ്ടുപേരും നന്ദി പറഞ്ഞു. കിടക്കുന്നതിനു മുമ്പ് വ്ാട്്‌സണ്‍ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലിരുന്ന് എന്തോ കുത്തിക്കുറിക്കുന്നത് ഡയറിക്കുറിപ്പായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു.

കള്ളിമുണ്ടുടുത്ത് പായയില്‍ ചുരുണ്ടുമൂടിക്കിടക്കുന്ന അവരുടെ ചിത്രം അതിരസാവഹം തന്നെയായിരുന്നു. ഞങ്ങള്‍ മൂവരും ഒന്നിച്ചായിരുന്നു കിടന്നത്. ഞങ്ങള്‍ പലതും സംസാരിച്ചു. അങ്ങിനെ എപ്പോഴോ ഉറങ്ങിപ്പോയി.

പുലര്‍ച്ചെ ഞാന്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് ഹോംസ് എഴുന്നേറ്റ് പ്രഭാതസവാരിക്ക് പോയിരുന്നു. തിരിച്ചുവന്നപ്പോള്‍ സ്ഥലപരിചയമില്ലാത്തതിനാല്‍ കുന്നിന്‍ ചരിവ് വരെയേ പോയുള്ളൂ എന്ന് പറഞ്ഞു. താഴെ പാടത്ത് വളര്‍ത്തിയിരിക്കുന്ന പുല്‍ചെടികള്‍ ഭംഗിയായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടപ്പോള്‍ അത് നെല്ലാണെന്നും അതില്‍ നിന്നാണ് അരിയുണ്ടാക്കുന്നതെന്നും ഞാന്‍ തിരുത്തിക്കൊടുത്തു. പ്രഭാതഭക്ഷണത്തിന് പുട്ടും കടലക്കറിയുമായിരുന്നു. എരിവു കാരണം രണ്ടുപേരുടെയും കണ്ണുകളില്‍ നിന്ന് വെള്ളം വന്നെങ്കിലും പ്രാതല്‍ രസകരമായിരുന്നു എന്ന് പറഞ്ഞു. ഉച്ചയൂണിന്റെ സമയം വരെ ഞങ്ങള്‍ കുന്നിന്‍ചെരിവിലെ മരങ്ങള്‍ക്കിടയില്‍ കാറ്റുകൊണ്ടിരുന്നു. ഊണിന് നാടന്‍ വിഭവങ്ങളായിരുന്നു. രാവിലത്തെ അനുഭവം വെച്ച് അധികം എരിവ് ചേര്‍ക്കരുതെന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു.

ഉച്ചയൂണിന് ശേഷം വാട്്‌സണ്‍ കിടന്നുറങ്ങിയെങ്കിലും ഹോംസ് അതിന് തയ്യാറല്ലായിരുന്നു. അദ്ദേഹത്തിന് ഞാന്‍ വരച്ച ഏതാനും ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. വളരെ നല്ല അഭിപ്രായമായിരുന്നു. വാട്്‌സന്റെ ഉറക്കം കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി. ഞാന്‍ ഇരുവരെയും കൂട്ടി അങ്ങാടിയിലേക്കിറങ്ങി. നാട്ടിലെ സുഹൃത്തുക്കള്‍ക്ക് ഹോംസിനെയും വാട്്‌സണെയും പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. അതിനാല്‍ മറ്റൊരു ഊടുവഴിയിലൂടെയാണ് കൊണ്ടുപോയത്. കുന്നിറങ്ങിച്ചെന്നത് വയലിലേക്കായിരുന്നു. ഗ്രാമത്തിലെ കുന്നും, തോടും, വയലുകളും, കുന്നുമെല്ലാം വിവരണാതീതമായ കാഴ്ചയാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

വയലിലൂടെ നടക്കുന്നതിനിടയില്‍ വാട്്‌സന്റെ വലതുകാല്‍ ബൂട്ട് ചളിയില്‍ പുതഞ്ഞുപോവുകയും അദ്ദേഹം തന്റെ വാക്കിംഗ് സ്റ്റിക് നിലത്തൂന്നി കാലുയര്‍ത്തുകയും വാക്കിംഗ് സ്റ്റിക് നിലത്തുറച്ചുപോവുകയും ചെയ്തു. പിന്നീട് ആ വാക്കിംഗ്സ്റ്റിക്ക് പറച്ചെടുക്കാന്‍ ഞങ്ങള്‍ ആവോളം പാടുപെട്ടു.

പോകുന്ന വഴിയില്‍ ഒരാള്‍ വയലില്‍ നിന്ന് മരച്ചീനി പറക്കുന്നത് കണ്ടു. അതെന്താണെന്നായി ഇരുവരും.. കാരണം പറഞ്ഞപ്പോള്‍ രണ്ടുപേര്‍ക്കും അത് തിന്നുനോക്കിയേ തീരൂ. ഇരുവരും പച്ച മരച്ചീനി കടിച്ചുപറിച്ച് തിന്നുന്ന കാഴ്ച വളരെ രസകരമായിരുന്നു. ആര്‍ത്തിയോടെ ഇങ്ങനെ തിന്നുന്നത് ആരെങ്കിലും കണ്ടാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഭക്ഷണമൊന്നും തന്നില്ലെന്ന് കരുതുമെന്ന് ഞാന്‍ പറഞ്ഞത് കാര്യമായിട്ടുതന്നെയായിരുന്നു. എങ്കിലും അവര്‍ ഇത്രയും വലിയ ഒരു തമാശ ഇതിനു മുമ്പ് കേള്‍ക്കാത്തതുപോലെ പൊട്ടി പൊട്ടി ചിരിച്ചു. ഹോംസിന് മരച്ചീനി മൊത്തത്തില്‍ ഇഷ്ടമായിരുന്നെങ്കിലും വാട്്‌സണ് നടുക്കുള്ള നാരും അതിന്റെ പുറന്തോടും അസൗകര്യങ്ങളായി തോന്നി. തോടില്ലാത്ത മരച്ചീനി വിളയിച്ചെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വൈകിയിരുന്നു. കിണറ്റിന്‍കരയില്‍ നിന്നു വെള്ളം കോരിയുള്ള കുളി ഹോംസിന് ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. ഇന്നു തന്നെ തിരിച്ചുപോകണമെന്നും അത്യാവശ്യമായി ഏതോ കക്ഷികളെ കാണാനുണ്ടെന്നും ഹോംസ് പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തെങ്കിലും അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ പട്ടണത്തിലേക്ക് യാത്രയായി.

തീവണ്ടി സ്റ്റേഷനില്‍ വണ്ടി തയ്യാറായിരുന്നു. അവരെ അകത്ത് കയറ്റി ഇരുത്തിയപ്പോഴേക്കും എനിക്ക് സ്വയം നിയന്ത്രിക്കാന്‍ പറ്റാതെയായി. കണ്ണുകള്‍ നിറഞ്ഞു. എല്ലാത്തിനും നന്ദി പറഞ്ഞുകൊണ്ട് എന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചു. വണ്ടി പുറപ്പെടാനുള്ള ഹോണ്‍ മുഴങ്ങി. പാതയുടെ വശത്ത് പച്ച ലൈറ്റ് കത്തിനിന്നു. എന്റെ സങ്കടം അണപൊട്ടി. ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്ലാറ്റ് ഫോമില്‍ നിന്നും കൈ വീശി കാണിച്ചു. അവസാനം വണ്ടി ഒരു പൊട്ടുപോലെ പാതയുടെ അറ്റത്ത് കാണപ്പെട്ടു.

പോകുന്നതിനുമുമ്പ് ഹോംസ്് എനിക്ക് സമ്മാനിച്ച തൊപ്പിയും വാട്്‌സണ്‍ സമ്മാനിച്ച വാക്കിംഗ് സ്റ്റിക്കും കൈയില്‍ പിടിച്ചു ഞാന്‍ ചാരുകസേരമേല്‍ തളര്‍ന്നിരുന്നുപോയി. എന്റെ മനസ്സിലപ്പോഴും ഞങ്ങള്‍ മൂവരും കൂടിയപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളായിരുന്നു. കെമിസ്ട്രി ലാബില്‍ വെച്ച് ഹോംസ് നടത്തിയ പരീക്ഷണത്തെകുറിച്ച് ഓര്‍ത്തു.

അദ്ദേഹം ഇളം നീല ദ്രാവകത്തിനകത്ത് സോഡിയത്തിന്റെ കണികകള്‍ ഇട്ടു. പിന്നീട് സ്വയം തയ്യാറാക്കിയ തവിട്ടു നിറമുള്ള ദ്രാവകം ചൂടാക്കി അതിനകത്തേക്കൊഴിച്ചു. രൂക്ഷമായ ഗന്ധം ഉയര്‍ന്നു. പുകയും. ഒന്നും കാണാന്‍ വയ്യ. ശ്വാസം വിടാന്‍ പോലും കഴിയാതെയായപ്പോള്‍ ഹോംസ് ആ ടെസ്്റ്റ് റ്റിയൂബ് വലിച്ചെറിഞ്ഞു. അത് എന്റെ നേര്‍ക്കാണ് വരുന്നതെന്ന് ഒരു ഞെട്ടലോട് ഞാന്‍ അറിഞ്ഞു.

"അയ്യോ..."

ടെസ്റ്റ്റ്റിയൂബ് കൈ കൊണ്ട് തട്ടികളഞ്ഞുകൊണ്ട് ഞാനലറി.

"എന്താ.. എന്തുപറ്റി...?"

പുകമറ നീങ്ങിയപ്പോള്‍ മുന്നില്‍ അവ്യക്തമായി രണ്ടു രൂപങ്ങള്‍. എന്റെ കെമിസ്ട്രി ടീച്ചര്‍... പിന്നെ രണ്ട് സഹപാഠികളും...

"താനെന്തിനാ നിലവിളിച്ചത്?"

എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. മുന്നില്‍ മേശപ്പുറത്തുണ്ടായിരുന്ന ഫഌസ്ക് നിലത്തുവീണുടഞ്ഞിരുന്നു. അതിനകത്തുണ്ടായിരുന്ന ദ്രാവകം നിലത്ത് ചിതറി കിടക്കുന്നത് കണ്ടു. എനിക്ക് സമനില വീണു കിട്ടിയില്ല.

"ലാബിലിരുന്ന് പ്രാക്ടിക്കല്‍ ചെയ്യുന്നതിനിടയില്‍ ഇരുന്നുറങ്ങി.. ഫഌസ്കും പൊട്ടിച്ചു... അല്ലേ?"

"ഞാനല്ല... ടീച്ചര്‍.. ഹോംസാണ് അത് ചെയ്തത്്.."

"ഹോംസായലും ഹൗസസായാലും തന്റെ സ്ഥാനം ദാ.. അവിടെയാണ്"
ടീച്ചര്‍ വാതിലിന് നേര്‍ക്ക് കൈ ചൂണ്ടി പറഞ്ഞു.

"നന്ദി ടീച്ചര്‍...!"

ക്ലാസിന് പുറത്തേക്ക് നടക്കുമ്പോഴും ടീച്ചര്‍ക്ക് നന്ദി പറയുകയായിരുന്നു. സ്വപ്‌നം മുഴുവനാകുന്നതിന് മുമ്പ് വിളിച്ചുണര്‍ത്താതിരുന്നതിന്.

Special thanks to: Ratheep. P, Jayakrishnan & All my friends.